Saturday, April 17, 2010

വഞ്ചന

നഷ്‌ടപ്പെടലുകള്‍ നല്‍കിയ വേദനയില്‍ നിന്നും ഓടിയൊളിച്ച എന്റെ പ്രിയ സഖി അനുപമയ്‌ക്കായി എന്റെ ഈ കവിത സമര്‍പ്പിക്കുന്നു


ഞാന്‍ വഞ്ചിക്കുന്നു എന്നെയും എന്‍ ഹൃദയത്തെയും
പിന്നെ ഇന്നിതാ വേറൊരാളെയും
പലവുരു ചിന്തിച്ചു, വീഴില്ല, ഞാന്‍
പ്രണയത്തില്‍......

പിന്നെ എവിടെയോ പിഴച്ചു
വീണു ഞാന്‍ പ്രണയക്കയത്തില്‍
പ്രണയം പ്രണയം പ്രണയം
പ്രണയക്കടലില്‍ മുങ്ങുന്നു
സുഖകരമാം വേദന
വിങ്ങുന്ന ഹൃദയം നീറുന്ന മനം
ഇതും സുഖം.....

പിന്നെ എപ്പോഴോ വഴുതി മാറി
മുറിച്ചുമാറ്റി ഹൃദയത്തില്‍ നിന്നും
പ്രണയം പിടിച്ചു ദ്രവിച്ചൊരാ ഭാഗത്തെ
ഇപ്പോഴും ഇറ്റിറ്റു വീഴുന്നു
പ്രണയത്തിന്‍ രക്തത്തുള്ളികള്‍

രാവുകള്‍ വന്നുപോയി
നിനവുകള്‍ തേങ്ങലായി
അമാവാസിയില്‍ നിലാവായ
പ്രണയകുളിരിനെ
നഷ്‌ടപ്പെടുത്തിയ നീചനായി
വീണുഴലുന്നു പൃഥ്വിക്ക്‌ ഭാരമായ്‌

Wednesday, March 10, 2010

മരണം


ഇനിയും വന്നണയാത്തതെന്തേ പ്രിയനേ
നീ അരികത്തു വന്നാലും
പതിയേ നീയെന്‍ ചാരത്തണഞ്ഞാലും
കാത്തിരിപ്പു തുടങ്ങിയേറെ നാളായ്‌
കണ്ണിമയ്‌ക്കൊരു വിശ്രമം നല്‍കു നീ

വേദന തിന്നുന്ന നാളില്‍ ഞാനേ-
റെയാശിച്ചു നിന്‍ സാമീപ്യം
അപ്പോഴും നീ എന്നെ നോക്കി പരിഹസിച്ചു
ചാരത്തണയാതെ മാറിനിന്നു

പലവുരു ഞാന്‍ പല വഴികളിലൂടെ നിന്നെ തേടി
അപ്പോഴെല്ലാം നീയെന്നെ കൈയൊഴിഞ്ഞു
സമയമായില്ലെന്നൊരു വാക്കു മൂളി നീ
കാത്തിരിക്കുവാന്‍ ചൊല്ലി മറഞ്ഞു നിന്നു

ഇനിയെങ്കിലും വന്നണയൂ
പ്രിയനേ നീ അരികത്തണഞ്ഞാലും
ഈ ലോകവാസം മതിയായെനിക്കു
മരണമാം പ്രിയനേ വന്നണഞ്ഞീടുമോ

നിന്‍ പേരുകേട്ടു ഭയന്നോടും ജനങ്ങളെ
തിരഞ്ഞു നടക്കാതെ, നിന്നെയന്വേഷിക്കും
എന്നെ സ്വീകരിക്കാന്‍ നിനക്കെന്തേ വൈമനസ്യം

Thursday, March 4, 2010

പുഴ

പുഴയില്‍ ഒഴുക്കെന്നും ഒരുപോലിരിക്കില്ല
കൂത്തിയൊലിച്ചും കരകള്‍ക്കു കടിഞ്ഞാണിട്ടും
പാഞ്ഞൊഴുകുന്നു മനസ്സുപോല്‍
ചങ്ങലയ്‌ക്കു ബന്ധിച്ചാലും
പൊട്ടിത്തകര്‍ത്ത്‌ തിമര്‍ത്തു പെയ്യുന്ന മഴപോല്‍.

Wednesday, February 17, 2010

മഴ

ഒടുവില്‍ നീ എത്തി
മഴമേഘമേ
ചാറ്റല്‍ മഴയായ്‌ വന്നണയും
നിന്‍ നനുത്ത സ്‌പര്‍ശമേല്‍ക്കാന്‍
കൊതിച്ചിരുന്നെന്നില്‍ നീ-
പേമാരിയായി പെയ്‌താടിത്തിമിര്‍ത്തു
ഉറക്കം വരാതെ കിടന്ന രാത്രികളില്‍
നീ കുളിര്‍ മാരിയായി പെയ്‌തിരുന്നു
ഒടുവില്‍ നീ കര്‍ക്കിടരാവിലൊരു-
പേടി സ്വപ്‌നമായ്‌ വന്നണഞ്ഞു


കാര്‍മേഘങ്ങളെ കീറിമുറിച്ചു നീ-
ചാറി ചാറി താളത്തിമിര്‍പ്പോടെ
മന്നില്‍ വന്നണയും നേരം
കാത്തുനിന്നു ഞാന്‍ വാകചോട്ടില്‍
കുളിര്‍മാരി കാണുവാന്‍
ഇളം കാറ്റിനോടായ്‌ രഹസ്യം ചൊല്ലി
എന്‍ ചാരെ നീ വന്നണഞ്ഞപ്പോള്‍
അറിഞ്ഞില്ല ഞാന്‍ പേമാരിയായ്‌ നീ മാറുമെന്ന്‌


താളപ്പകര്‍ച്ചയോടെ നീ തകര്‍ക്കുകയാണ്‌
കുളിര്‍മാരിയായ്‌, ഇടിനാദത്തോടെ
പേമാരിയായ്‌, മിന്നലൊളിയാല്‍ തീമാരിയായ്‌
എങ്കിലും പ്രിയ മഴേ ഞാന്‍ നിന്നെ ഇഷ്‌ടപ്പെടുന്നു
എന്തുകൊണ്ടെന്നോ നീ എന്റെ ചങ്ങാതി

Thursday, February 11, 2010

ജീവിതം

എരിഞ്ഞു തീരും കല്‍വിളക്കാണു ജീവിതം
പകരുവാന്‍ ഇത്തിരി എണ്ണയില്ലെങ്കില്‍ കരിന്തിരി
കത്തി പുകഞ്ഞു തീരും ജീവിതം
അര്‍ക്കന്‍ ആഴിയില്‍ മുങ്ങിത്താഴുമ്പോള്‍
കൊതിക്കുന്നില്ല ഞാന്‍ പുലരുവാന്‍
ഇനി ഒരിക്കലും കൊതിക്കുന്നില്ല ഞാന്‍
എന്‍ മിഴികള്‍ തുറക്കുവാന്‍
അത്രമേല്‍ വെറുക്കുന്നു എന്നെ-
തിരസ്‌കരിച്ചൊരീ ലോകത്തെ
എങ്കിലും ജീവിച്ചേ മതിയാകൂ
ഇവിടെ സ്‌നേഹവും വിശ്വാസവും ദുഃഖസത്യം.
വര്‍ണങ്ങള്‍ മഴവില്ലു തീര്‍ക്കുമ്പോള്‍
കണ്‍കള്‍ തുറക്കാന്‍ കഴിയുന്നില്ല
എങ്കിലും ഞാന്‍ കാതോര്‍ത്തിരിക്കും
കേട്ടുതീരാത്ത കഥകള്‍ കേള്‍ക്കാന്‍

Saturday, January 23, 2010

ഇത്‌ എന്റെ ബ്ലോഗ്‌...
എന്റെ സ്വന്‌തം കവിതകള്‍ കുത്തിക്കുറിക്കാനുള്ള
ഒരിടം.